കേളി ഇന്റർനാഷണൽ കലാമേള കിക്കോഫിന്പ്രൗഢഗംഭീരമായ തുടക്കം.
2023 ൽ സിൽവർ ജുബിലി ആഘോഷിക്കുന്ന സ്വിറ്റ്സർലൻഡിലെ പ്രവാസികളുടെ കലാ സാംസ്കാരിക സംഘടനയായ കേളി സംഘടിപ്പിക്കുന്ന ഇന്ത്യൻ കലകളുടെ ഉത്സവമായ18 മത്' കേളി ഇൻറർനാഷണൽ കലാമേളയുടെ കിക്ക് ഓഫ് സൂറിച്ചിൽ നടന്നു.
കേളിയുടെ വാർഷിക സമ്മേളനത്തിൽ കേളി എക്സിക്യൂട്ടീവ് അംഗങ്ങളെയും കേളിയുടെ അംഗങ്ങളെയും സാക്ഷി നിർത്തി കലാമേള 2023 ന്റെ ആദ്യ രജിസ്ട്രേഷൻ കുമാരി ഡെൽന മുണ്ടിയാനിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് പ്രസിഡൻറ് ശ്രീ റ്റോമി വിരുത്തിയേൽ നിർവ്വഹിച്ചു.
ഇന്ത്യൻ അനുഷ്ഠാനകലകളെ രണ്ടാം തലമുറയ്ക്ക് പകർന്നു നൽകുന്ന മഹത്തായ ധർമ്മമാണ് കേളി ഇന്റർനാഷണൽ കലാമേള. ഇന്ത്യക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമാമാങ്കത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നു. വർഷങ്ങൾ നീണ്ട പഠനത്തിലൂടെ സ്വായത്തമാക്കിയ കലകൾ രണ്ടു ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ്വ വേദിയാണ് കേളി കലാമേള.
ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുന്നതിന് ഒരു മത്സരവേദി യൂറോപ്പിൽ ഒരുക്കുന്നതിന്റെ ഭാഗമായി കേളി ആരംഭിച്ച ഇന്റർനാഷണൽ കലാമേളക്ക് 2023 മെയ് 27, 28 തീയതികളിൽ സൂറിച്ചിൽ തിരശീല ഉയരും. കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിക്കുന്നവർക്ക് കലാതിലകം, കലാപ്രതിഭ അവാർഡുകൾ, നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി, നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി, മൈനർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ബാലതാരത്തിന് നൽകുന്ന ബാലപ്രതിഭ അവാർഡ് മുതലായവ കലാമേളയുടെ പ്രത്യേകതകളാണ്.
മീഡിയ ഈവന്റുകൾ ആയ (ഫോട്ടോഗ്രാഫി,ഷോർട് ഫിലിം , പെയിന്റിംഗ് എന്നിവക്ക് ജനപ്രിയ അവാർഡുകളും നൽകിവരുന്നു. എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിക്കുന്നു.
ഭാരതത്തിന്റെ തനതു കലകൾ പരിപോഷിപ്പിക്കുകയും യൂറോപ്പിൽ മത്സരവേദി ഒരുക്കുകയും ചെയ്യുന്ന കേളിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ എംബസ്സിയും സൂര്യ ഇന്ത്യയും പൂർണ പിന്തുണ നൽകുന്നു.കേളി സിൽവർ ജൂബിലി പ്രമാണിച്ച് പൂതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും അടുത്ത കലാമേളയെന്ന് പ്രസിഡന്റ് റ്റോമി വിരുത്തിയേൽഅറിയിച്ചു
Joy Vellookunnel,
PRO
Keli · an Indo-Swiss Socio - Cultural Organization in Switzerland
Post Box 20 · CH - 8952 Schlieren
Mobile: +41 79 384 73 60
mail· pro@keliswiss.org pro.keliswiss@gmail.com
www· www.keliswiss.org